Tuesday, August 05, 2008

ചിന്തു (കാവടി ) പാട്ടുകളെക്കുറിച്ച്

ഉടുക്ക് എന്ന തുകല്‍ വാദ്യോപകരണത്തിന്റെയൊപ്പം പാടുന്ന താളാത്മകമായ ഭക്തി ഗാനങ്ങളാണ് കാവടി ചിന്ത് എന്ന പേരില്‍ അറിയപ്പെടൂന്നത്. പേരിന്റെ കൂടെ കാവടി ഉണ്ടെങ്കിലും ഞങ്ങളുടെ നാട്ടില്‍ സാധാരണയായി ഈ കല അയ്യപ്പന്‍ വിളക്ക്/ദേശവിളക്ക് എന്നീ ഉത്സവങ്ങള്‍ക്കിടയിലാണ് കൂടുതലും കാണപ്പെടുന്നത്.


ഈ കലയെക്കുറിച്ച് ആധികാരികമായി സംസാരിക്കാനുള്ള അറിവൊന്നും ഈയുള്ളവനില്ല എന്നു പ്രത്യേകം പരാമര്‍ശിച്ചു കൊള്ളട്ടേ.


ഞാന്‍ ചെറുപ്പം മുതല്‍ കേട്ടു വളര്‍ന്നതാണെന്നതും, കൂടാതെ മറ്റേതൊരു വാദ്യോപകാണത്തിന്റെ നാദത്തിനേക്കാളും എനിക്കു കാതിനിമ്പമായത് ഉടുക്കുകളുടെ നാദവുമാണ് എന്ന വസ്തുതയാണ് എന്നെ ഈ സാഹസം ചെയ്യാനായി പ്രേരിപ്പിക്കുന്നതെന്നും തഥവസരത്തില്‍ പറഞ്ഞു കൊള്ളട്ടെ.


സാധാരണയായി രണ്ടു കലാരൂപങ്ങളായാണ് ഉടുക്കുപാട്ടുകള്‍ അവതരിക്കപ്പെട്ടു വരുന്നത്.


1. ശാസ്താം പാട്ട്

2. ചിന്ത് പാട്ട് അഥവാ കാവടി ചിന്ത്.


ശാസ്താം പാട്ടില്‍ പേരൂ സൂചിപ്പിക്കുന്ന പോലെ ശാസ്താവിനാണ് പ്രാമുഖ്യം. ശ്രീ അയ്യപ്പ സ്വാമിയുടെ ജനനവ്വും അതിനോടു ചേര്‍ന്നുള്ള സംഭവങ്ങളും വായ്പ്പാട്ട് രീതിയില്‍ അവ്വതരിപ്പിക്കുകയാണ് ചെയ്യുക. (ഇത്തവണ നാട്ടില്‍ ചെല്ലുമ്പോള്‍ സി ഡി സംഘടിപ്പിച്ച് പോസ്റ്റിടാന്‍ ശ്രമിക്കാം.)


കാവടി ശ്രീ മുരുകനുമായി ബന്ധപ്പെട്ടിരിക്കുന്നതു പോലെ കാവടിചിന്തിലും ശ്രീ സുബ്രഹ്മണ്യസ്വാമിക്കു തന്നെയാണ് മുന്‍ഗണന. കൂടാതെ ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും അത്യാകര്‍ഷകമാണ് അതിന്റെ താളമെന്നത് കേട്ടിട്ടുള്ളവര്‍ക്കറിയാവുന്നതാണ്.


ചിന്തു പാട്ടിനെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞ ഉടുക്കാണ് ശാസ്താം പാട്ടിനുപയോഗിക്കുക. മാത്രമല്ല ശാസ്താം പാട്ടിനെയപേക്ഷിച്ച് പഠിക്കാനും പ്രയോഗത്തിനും ചിന്ത് വളരേ എളുപ്പവുമാണ്. (എനിക്കും ശകലം പ്രയോഗിക്കാന്‍ അറിയാം എന്നുള്ളതാണ് എളുപ്പമാണെന്നതിന്റെ തെളിവ്).


മറ്റേതു നാടന്‍ കലകള്‍ എന്നതു പോലെ ഈ കലയ്ക്കും പ്രചാരം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. വളരേ സാധാരണക്കാരായ ആളുകളാണ് ഓരോ സംഘങ്ങളിലൂമുണ്ടാവുക. പുതു തലമുറയ്ക്ക് ഇതു പഠിക്കാനും പരിശീലിക്കാനും ഒന്നും സമയമില്ലാത്തതിനാല്‍ ഈ കല അറിയാവുന്നവരുടെ എണ്ണം തുലോം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും ശാസ്താം പാട്ടിന്റെ കാര്യത്തില്‍. നല്ല സാധനയും കയ്യടക്കവും തെള്ളിഞ്ഞ ശബ്ദവുമെല്ലാം ഇതിനു വേണ്ട കുറഞ്ഞ യോഗ്യതയാകുന്നു.


ഈ കല പ്രധാനമായും വായ്പ്പാട്ടിനെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ മറ്റു കലകള്‍ പോലെ നിശ്ചിതമായ വരികളും വാക്കുകളും പാട്ടൂകളില്‍ കാണാന്‍ കഴിയില്ല. പലരും പാട്ടു പഠിക്കുന്നത് മറ്റുള്ളവര്‍ പാടിക്കേട്ടിട്ടാണ്. ഇതേ കാരണത്താന്‍ തന്നെ എനിക്കും പല പാട്ടുകളുടേയും ആദ്ദ്യത്തെ നാലുവരികളേ പിടുത്തമുള്ളൂ.


കുറെ നാളുകള്‍ക്ക് മുന്‍പ് ഞാന്‍ കുറച്ച് പാട്ടുകള്‍ പുസ്തകത്തില്‍ ആക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ തൊഴില്‍ സംബന്ധിയായി നാട്ടില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നതിനാല്‍ ആ ഉദ്യമവും ഇടയ്ക്ക് വച്ചുപേക്ഷിക്കപ്പെട്ടു. പിന്നീടിപ്പോള്‍ കിട്ടാവുന്ന പാട്ടുകള്‍ ബ്ലോഗുകളിലായി സൂക്ഷിക്കാം എന്നു ചിന്തിക്കുന്ന ഈ സമയത്ത് ഒരു പാട്ടുപോലും മുഴുവനായീ എന്റെ കയ്യിലില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ.


ഇത്തവണ നാട്ടില്‍ചെല്ലുമ്പോള്‍ പറ്റാവുന്നിടത്തോളം ചിന്തുപാട്ടുകളും ഓണക്കളിപ്പാട്ടുകളും സംഘടിപ്പിക്കണമെന്നു വിചാരിക്കുന്നു. അതുവരെ എനിക്കറിയാവുന്ന കൊച്ചു കാര്യങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കാം.


നമ്മുടെ മനസ്സില്‍ നിന്നും വേദികളില്‍ നിന്നുമൊഴിഞ്ഞു പോകുന്ന നമ്മുടെ നാടന്‍ കലകളെ പറ്റാവുന്നത്രയെങ്കിലും സൂക്ഷിച്ചു വയ്ക്കാം. ചിലപ്പോള്‍ അടുത്ത തലമുറ ഓണം കളി, ചിന്ത് പാട്ട്, മാര്‍ഗം കളി, പരിചമുട്ട് തുടങ്ങിയവയൊന്നും കേട്ടിട്ടേയില്ല എന്നു വരും.


ഇതു വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും ഈ വിഷയത്തില്‍ പരിജ്ഞാനമുണ്ടെങ്കില്‍ ദയവായി ഇവിടെ പങ്കു വയ്ക്കൂ. ഈ ബ്ലോഗ് ഒരിക്കലും എന്റെ വ്യക്തിപരമായ ബ്ലോഗായി ഉപയോഗിക്കണം എന്നെനിക്കില്ല.


ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ഒരു രണ്ടു വരി പാട്ടുകൂ‍ടെ കുറിക്കുകയാണ്. ഓര്‍മ്മയില്‍ നിന്നാണ്, അക്ഷരത്തെറ്റുകള്‍ ദയവായി ക്ഷമികുക. കേട്ടു പരിചയമേയുള്ളൂ.


ഏത് രിതിയിലൂള്ള പാട്ടുകളായാലും ആദ്യമേ ഗണപതി സ്തുതിയിലേ ആരംഭിക്കൂ. ഞാനും ദാ നാലു വരി ഗണപതിയെക്കുറിച്ച്. വിഘ്നങ്ങളെല്ലാം തീര്‍ത്തനുഗ്രഹിക്കൂ...


ഈ പാട്ടിന്റെ രീതി അറിയാത്തവര്‍ക്ക് പറഞ്ഞു തരാന്‍ ഇപ്പോല്‍ നിവൃത്തിയില്ല. സദയം ക്ഷമിക്കുക. സാധാരണ നാലാം താളമെന്നാണ് പാട്ടുകാര്‍ പറയുക. ആഡിയോ രൂപം കിട്ടുമ്പോള്‍ പ്രസിദ്ധീകരികുന്നതാണ്.



ശ്രീ ഗണപതിയുടെ ജനനത്തെ വളരേ കാവ്യാത്മകമായി സങ്കല്പിച്ചിരിക്കുന്നത് നോക്കൂ....

-------------------------------

ശങ്കരന്‍ വന്‍ കരിയായ നാളില്‍

മലര്‍മങ്കയാളാം ദേവി ശങ്കരിയും

വടിവോടൊരു പിടി തന്നുടെ

വടിവായൊരു നടമെന്നില്‍

മടുമലര്‍ ശരനുടെ നടനം തന്നില്‍


കൂടെ നടന്നിരു പാടും മുളഗിരി

കൂട്ടം കവി പാടേണം ചെയ്തവര്‍കള്‍

ആടും മയില്‍ പാടും കുയില്‍

കാടകം തന്നിലോരേടം പുക്ക്


മരനിര നടുവതില്‍ ഇരു പേരുമായ്

തുമ്പിക്കരമതു തങ്ങളില്‍ കോര്‍ത്ത് പേര്‍ത്ത്

സ്മരണാല്‍ തെരു തെരുവെപ്പൊലി

തെരുവെപ്പൊലി ആയീടും

തുടരവെന്‍ കോവിലിലുണ്ടായി പിള്ള...


കാലിണ സേവിക്കും മാലോകര്‍ക്കും പാരം
മാലു പോക്കീടുവാനേകനായി...


വെള്ളപളുങ്കിനെ വെല്ലും നിറമൊത്ത

വള്ളീ സരസ്വതീ കള്ളമെന്നേ...

വെള്ളിത്തിര തള്ളും വിധം

മുള്ളില്‍ തിരുവുള്ളത്തൊടു

പള്ളികൊള്ളേണമെന്നുള്ളിലെന്നും

------------------------------------



വരികള്‍ പൂര്‍ണ്ണമല്ല, തെറ്റുകള്‍ ക്ഷമിക്കുക.

10 comments:

Unknown said...

ഉടുക്ക് എന്ന തുകല്‍ വാദ്യോപകരണത്തിന്റെയൊപ്പം പാടുന്ന താളാത്മകമായ ഭക്തി ഗാനങ്ങളാണ് കാവടി ചിന്ത് എന്ന പേരില്‍ അറിയപ്പെടൂന്നത്. പേരിന്റെ കൂടെ കാവടി ഉണ്ടെങ്കിലും ഞങ്ങളുടെ നാട്ടില്‍ സാധാരണയായി ഈ കല അയ്യപ്പന്‍ വിളക്ക്/ദേശവിളക്ക് എന്നീ ഉത്സവങ്ങള്‍ക്കിടയിലാണ് കൂടുതലും കാണപ്പെടുന്നത്.

ജിജ സുബ്രഹ്മണ്യൻ said...

ഇങ്ങനെ ഒരു ശ്രമം നല്ലതു തന്നെ.. ശബരിമലക്കു മാലയിടുമ്പോള്‍ ഞങ്ങളുടെ നാട്ടില്‍ വഴിപാടായി നടത്താറുണ്ട്.. അയ്യപ്പന്‍ പാട്ടും ചിന്തും...

Typist | എഴുത്തുകാരി said...

ഞങ്ങളുടെ നാട്ടിലും എല്ലാ വര്‍ഷവും മണ്ഡലക്കാലത്തു്, ദേശവിളക്കിനാണ് അയ്യപ്പന്‍പാട്ട് പതിവുള്ളതു്. രാത്രി മുഴുവനുണ്ടാവും.

Unknown said...

Feel good......

ശ്രീ said...

ലേഖനം നന്നായി.

സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...

ഹലോ..

"ചാലക്കുടി ചന്തക്കു പോയപ്പോള്‍ ..." എന്നു തുടങ്ങുന്ന പാട്ട് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. ഏതവസരത്തിലും തന്‍റെ നാടിനെ കുറിച്ച് അഭിമാനത്തോടെ ഓര്‍ക്കാറുള്ള മണി തന്നെയായിരിക്കും ഏതൊരു ചാലക്കുടിക്കാരന്‍റെയും കണ്‍മണി..

ഭാവുകങ്ങള്‍....

ഗൗരിനാഥന്‍ said...

ചാലക്കുടിക്കാരന്റെ തനത് വിഷയം ..നല്ല ശ്രമം

Unknown said...

നിനക്കിത് വൈഞ്ജാനിക സ്വഭാവമുള്ളതാക്കി വിക്കിയീല്‍ ഇതിനെ കുറിച്ച് എഴുതിക്കൂടെ

Rani said...

നന്നായി .....ഒരു മണ്ഡല കാലം ഓര്‍മ്മ വന്നു

Anonymous said...

ഞാനും ഒരു ചിന്ത് കലാകാരൻ ആണേ..